മലയാളവിഭാഗം

2018 നവംബര്‍ 9

 

സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് മലയാളവിഭാഗം സഹിതം സാഹിത്യ ശില്‍പശാലയുടെ മൂന്നാം പതിപ്പ് സംഘടിപ്പിച്ചു. 2018 നവംബര്‍ 9 ന്‌ ഏകദിനശില്‍പശാലയായാണ്‌ ഇത്തവണ ശില്‍പശാല സംഘടിപ്പിച്ചത്. കാവ്യലഹരി എന്ന പേരാണ്‌ ശില്‍പശാലയ്ക്ക് നല്‍കിയത്. കവിതയുമായി ബന്ധപ്പെട്ട നാല്‌ സെഷനുകളാണ്‌ അരങ്ങേറിയത്.

ഭൂമി മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന കവിതയുടെ ഊര്‍ജ്ജത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സഹൃദയയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി പങ്കെടുത്ത 120 ലേറെ വിദ്യാര്‍ത്ഥി, അദ്ധ്യാപക പ്രതിനിധികളാണ്‌ സദസ്യരായി പങ്കുകൊണ്ടത്. തൃശൂര്‍, പാലക്കാട്, എറണാകുളം എന്നീ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്‌ പങ്കെടുത്തത്. കവിത സമൂഹത്തിലേയ്ക്ക് പകരുന്ന സാംസ്കാരികോര്‍ജ്ജം അതിന്‍റെ സമഗ്രാനുഭൂതിയോടെ അവതരിപ്പിക്കപ്പെട്ടു. കവിതയെ സംബന്ധിക്കുന്ന അനേകം സിദ്ധാന്തങ്ങളും ചര്‍ച്ചകളും ചരിത്രവും സംവാദവിഷയമായി.

എക്സിക്യൂട്ടീവ് ഡയറക്റ്റര്‍ റവ. ഫാ. ടൈറ്റസ് രക്ഷാധികാരിയായിരുന്ന ശില്‍പശാലയുടെ ഡയറക്റ്റര്‍ ഭാഷാ സാഹിത്യവിഭാഗം ഡീന്‍ പ്രൊഫ. വി.ജി. തമ്പിയായിരുന്നു. സുപ്രസിദ്ധ കവിയും ചിന്തകനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട് ശില്‍പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് കുമാരനാശാന്‍റെ കാവ്യപ്രപഞ്ചം എന്ന വിഷയത്തില്‍ സംസാരിച്ചു. ചങ്ങമ്പുഴയുടെ കാവ്യലോകം എന്ന വിഷയത്തില്‍ കവിയും പ്രഭാഷകനുമായ പി.എന്‍. ഗോപീകൃഷ്ണന്‍ സംസാരിച്ചു. ഉച്ചഭക്ഷണത്തിനുശേഷമുള്ള സെഷനില്‍ സുഗതകുമാരിയുടെ കാവ്യലോകം എന്ന വിഷയത്തില്‍ ഡോ. മ്യൂസ് മേരിയും ആറ്റൂര്‍ രവിവര്‍മ്മയുടെ കാവ്യലോകത്തെക്കുറിച്ച് കെ.ആര്‍. ടോണിയും സംസാരിച്ചു.

സമാപനസമ്മേളനത്തൊടനുബന്ധിച്ച് ശില്‍പശാല അംഗങ്ങളുടെ കവിയരങ്ങ് നടന്നു. സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.

Published On: November 10th, 2018Categories: College News, Malayalam Department Activities

Share This Story, Choose Your Platform!