മാര്‍ ജെയിംസ് പഴയാറ്റിലിന്‍റെ മരിയ്ക്കാത്ത ഓര്‍മ്മകളെ വീണ്ടെടുക്കുമ്പോള്‍ വര്‍ത്തമാനകാലത്തും ഭാവിയിലേയ്ക്കും നാം നമ്മെത്തന്നെ സജ്ജരാക്കുകയാണ്‌ ചെയ്യുന്നത്. എന്തൊരുജ്ജ്വലമായ ജീവിതമായിരുന്നു അത്. ഓര്‍മ്മകള്‍ കര്‍മ്മനിരതരാകാനുള്ള ആത്മീയമായ വെല്ലുവിളിയാണ്‌. വഴിതെറ്റിയവര്‍ക്ക് വഴിയും ഇരുട്ടിയവന്‌ വെളിച്ചവും തണുത്തവന്‌ പുതപ്പും വിശക്കുന്നവന്‌ അപ്പവുമായായി നിറഞ്ഞുനില്‍ക്കുന്ന ദൈവത്തിനെ മാര്‍ ജെയിംസ് പഴയാറ്റില്‍ സദാ തന്‍റെ ഹൃദയത്തിലൂടെ ഒഴുക്കി.

രണ്ട് വര്‍ഷം മുമ്പ് മാര്‍ ജെയിംസ് പഴയാറ്റില്‍ 83 -ആം വയസ്സില്‍ വിടപറഞ്ഞപ്പോള്‍ മഹത്തായ ഒരു ഭൗതികജീവിതത്തിന്‌ പരിസമാപ്തിയാവുകയായിരുന്നു. ആത്മീയജീവിതത്തിന്‍റെ പരിശുദ്ധവും അനന്യവുമായ ഒരു പുസ്തകം തന്നെയായിരുന്നു ആ ജീവിതം.

1934 ജൂലൈ 26 ന്‌ പുത്തന്‍ചിറ പഴയാറ്റില്‍ തോമന്‍കുട്ടി-മറിയംകുട്ടി ദമ്പതികളുടെ മൂന്നാമത്തെ മകനായാണ്‌ ചാക്കോച്ചന്‍ എന്ന, പിന്നീട് മാമ്മോദീസാ നാമത്തില്‍ അറിയപ്പെട്ട ജെയിംസ് പഴയാറ്റില്‍, സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം തൃശൂര്‍ തോപ്പ് സെമിനാരിയില്‍ വൈദിക പരിശീലനം ആരംഭിച്ചു. സിലോണിലേയ്ക്ക് അപൂര്‍വ്വമായാണ്‌ അന്ന് വൈദികവിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന്‌ പോയിരുന്നത്. ഏറെ വെല്ലുവിളികളെ അതിജീവിച്ച് കാന്‍റി പേപ്പല്‍ സെമിനാരിയിലും പൂനെയിലുമായി വൈദിക, ഉപരിപഠനങ്ങള്‍ പൂര്‍ത്തിയാക്കി. 1961 ഒക്റ്റോബര്‍ 3 ന്‌ പൂനയില്‍ ബോംബെ മെത്രാപോലിത്ത കര്‍ദ്ദിനാള്‍ഡോ. വലേരിയന്‍ ഗ്രേഷ്യസില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് തൃശൂര്‍ രൂപതയില്‍ സേവനം ചെയ്തു. തൃശൂര്‍ സെന്‍റ്. തോമസ് കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപകനായിരിക്കെയാണ്‌ 1978 ല്‍ ഇരിഞ്ഞാലക്കുട രൂപതയ്ക്ക് രൂപം നല്‍കിയപ്പോള്‍ അദ്ദേഹം മെത്രാനായി അഭിഷേകം ചെയ്തത്. ഒരു ദൈവാഭിഷിക്തന് ചൊരിയാവുന്ന സമസ്ത വരങ്ങളും അദ്ദേഹം ചൊരിഞ്ഞു. കരുണയുടെയും കര്‍ത്തവ്യത്തിന്‍റെയും മൂര്‍ത്തരൂപമായി മൂന്നര പതിറ്റാണ്ടിലേറെ ഇരിഞ്ഞാലക്കുടയുടെ മണ്ണില്‍ അദ്ദേഹം നിറഞ്ഞുനിന്നു. അതേസമയം തന്‍റെ സേവനങ്ങള്‍ ആവശ്യമുള്ള മറ്റിടങ്ങളിലെല്ലാം പറന്നിറങ്ങാനും അദ്ദേഹം സദാ സന്നദ്ധനായിരുന്നു. 1983 ല്‍ ചെന്നൈ മിഷന്‍റെ ഉത്തരവാദിത്തംകൂടി ഏറ്റെടുത്ത പിതാവ് 1995 ല്‍ സീറോ മലബാര്‍ സഭയുടെ പ്രഥമ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ആന്‍റണി പടിയറയുടെ അസിസ്റ്റന്‍റായി നിയമിതനായി. കേരള കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സിന്‍റെ സെക്രട്ടറി, വിദ്യാഭ്യാസ കമ്മീഷന്‍ അംഗം, സെമിനാരി കമ്മീഷന്‍ അംഗം തുടങ്ങിയ അസംഖ്യം താക്കോല്‍സ്ഥാനങ്ങള്‍ അദ്ദേഹം ദൈവികതയുടെ പൂര്‍ണ്ണതയില്‍ നിര്‍വ്വഹിച്ചിട്ടുണ്ട്.

ഭാരത് ജ്യോതി അവാര്‍ഡ്, രാഷ്ട്രീയരത്ന അവാര്‍ഡ്, രാഷ്ട്രീയ ഗൌരവ് അവാര്‍ഡ്, ഭക്തശ്രേഷ്ഠ അവാര്‍ഡ്, കേരളസഭ സഭാതാരം അവാര്‍ഡ് മുതലായ അനേകം പുരസ്കാരങ്ങള്‍ അദ്ദേഹം നേടി. അതേസമയം എന്നും സാധാരണക്കാര്‍ക്കിടയില്‍ സാധാരണക്കാരനായി തുടരുകയാണ്‌ അദ്ദേഹം ചെയ്തത്. ലാളിത്യത്തിന്‍റെ ഉദാത്തമായ മാതൃകയാണ്‌ സ്വജീവിതം കൊണ്ട് അദ്ദേഹം വരച്ചിട്ടത്.

ഭൂമിവാസം അര്‍ത്ഥപൂര്‍ത്തിയിലെത്തിച്ച് ദൈവത്തിങ്കലേയ്ക്ക് അദ്ദേഹം യാത്രയായെങ്കിലും സൂര്യതേജസ്സായി മാര്‍ ജെയിംസ് പഴയാറ്റില്‍ ഇന്നും ചൂടും വെളിച്ചവും പകരുന്നുണ്ട്; ആത്മീയ പൂര്‍ണ്ണതയിലേയ്ക്ക് വളരാന്‍ ഓരോരുത്തരേയും ക്ഷണിച്ചുകൊണ്ടും സൗമ്യമായി വെല്ലുവിളിച്ചുകൊണ്ടും.

Published On: July 10th, 2018Categories: Sahrdaya Blog

Share This Story, Choose Your Platform!