നീ പാടൂ പൂങ്കവിതേ..
പാണന്റെ താളം തുടിച്ചൊരാ പാട്ടിൽ
പുലയന്റെ നാറുന്ന ചേറിലെ പാട്ടിൽ
തുമ്പ ചിരിച്ചൊന്നാടിയ പാട്ടിൽ
വിഷുക്കണി പൂത്തൊരാ ചില്ല തൻ പാട്ടിൽ…
നീ പാടൂ മലയാള മധുരിതഭാവനേ…
തുഞ്ചന്റെ തത്ത കൊഞ്ചി പറഞ്ഞതും
കുഞ്ചൻ ചിലങ്കയിട്ടു ചിരിച്ചതും
കനകച്ചിലങ്ക ആനന്ദ് നൃത്തമാടുന്നതും…
അമ്മയെന്നാദ്യം നാവിൽ വിരിഞ്ഞതും
മണ്ണിലെ വിപ്ലവ ഗാനം പടർന്നതും
കുഞ്ഞു ചുണ്ടുകൾ മധുര കവിത പാടുന്നതും
നിൻ സ്വര മാധുരിയിൽ
വടക്കൻ പാട്ടിലെ ചുവടു ചലിച്ചതും
തെയ്യം തിറ താളമുണർന്നതും
നിന്റെ വൃത്തം തുടിക്കുന്ന തുടിപ്പിനാൽ രമ്യമേ….
ജയകൈരളി..
വാഴ്ക നീ നിത്യം…വാഴ്ക നീ സർവ്വവും…